ദില്ലി: പുതിയ പാർലമെന്റ് മന്ദിരം ഈ മാസം 28ന് ഉദ്ഘാടനം ചെയ്യാനിരിക്കെ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്. നരേന്ദ്രമോദിയുടെ പൊങ്ങച്ചത്തിന്റെ പ്രൊജക്ടാക്കി മന്ദിരത്തെ മാറ്റുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. മോദിയുടെ മന്ദിര സന്ദർശന ചിത്രടൊപ്പമാണ് ജയറാം രമേശിന്റെ ട്വീറ്റ്. പാർലമെന്റ് മന്ദിരം കല്ലും സിമന്റും കൊണ്ടുള്ള വെറും കെട്ടിടമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോറും വിമർശിച്ചു. പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫ് ചെയ്തുവച്ചിട്ട് പാർലമന്റ് മന്ദിരം കൊണ്ടുള്ള ഉപയോഗമെന്താണെന്നും കോൺഗ്രസ് നേതാക്കൾ ചോദിച്ചു.
ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ ഇപ്പോഴുള്ള പാർലമെന്റ് മന്ദിരം. 96 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ അടയാളമായ ഈ കെട്ടിടത്തിൽ നിന്ന്, രാജ്യം പുതിയൊരു മന്ദിരത്തിലേക്ക് വാതിൽ തുറക്കുകയാണ്. രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാകിയത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും.
ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്. ത്രികോണാകൃതിയിലാണ് മന്ദിരം രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്ന് കവാടങ്ങളാണുള്ളത്. ഗ്യാൻ, ശക്തി, കർമ എന്നിങ്ങനെയാണ് കവാടങ്ങൾക്ക് പേര്. കെട്ടിടത്തിൽ എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന വിശാലമായ ഭരണഘടനാ ഹാൾ, എംപിമാർക്കായി ലോഞ്ച്, ലൈബ്രറി, സമ്മേളനമുറികൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ട്. കടലാസ് രഹിതമാക്കാൻ അത്യാധുനിക ഡിജിറ്റൽ ഇന്റർഫേസ് പ്രത്യേകതയാണ്. 2020 ഡിസംബറിൽ പ്രധാനമന്ത്രിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത്. 2021 ജനുവരി 15ന് നിർമാണം തുടങ്ങി. പുതിയ മന്ദിരം തുറക്കുന്നതോടെ, പഴയ കെട്ടിടം പുതുക്കി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും.