ആലപ്പുഴ : പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽനിന്നു രണ്ടു പുതിയ കുരുമുളകിനങ്ങൾ കണ്ടെത്തി. വയനാട്, ഇടുക്കി ജില്ലകളിൽനിന്നാണു ഗവേഷകർക്കിതു കിട്ടിയത്. ഹെൽമെറ്റ് ആകൃതിയിലുള്ള ഉപദളങ്ങൾ ഇവയിൽ കാണപ്പെടുന്നു. വയനാട്ടിൽനിന്നു കണ്ടെത്തിയ മൂന്ന് സെന്റീ മീറ്റർ മാത്രം വലുപ്പമുള്ള ചെറിയ തിരികളോടു കൂടിയ ഇനത്തിനു പെപ്പർ കുറിച്യർമലയാനം ബോട്ടമെന്നാണു ശാസ്ത്രനാമം. ഫിൻലൻഡിൽനിന്നു പ്രസിദ്ധീകരിക്കുന്ന അനൽസ് ബോട്ടാനിസി ഫെന്നിസി എന്ന ശാസ്ത്രജേണലിന്റെ പുതിയ ലക്കത്തിൽ ഇതു സംബന്ധിച്ച വിശദവിവരം ഉൾകൊള്ളിച്ചിട്ടുണ്ട്. ഉരുണ്ട ആകൃതിയിൽ കായ്കളുണ്ടാകുന്ന, ഇടുക്കിയിൽനിന്നുള്ള ഇനത്തിനു പെപ്പർ ഓവലിഫ്രാക്ടം എന്നുമാണ് പേര്. ഈ രണ്ടിനങ്ങളുടെയും ആൺ-പെൺ പൂക്കൾ രൂപപ്പെടുന്നതു തിരിയിൽ ഒട്ടിച്ചേർന്നാണ്. ഊതനിറത്തിലുള്ള (പർപ്പിൾ) ആൺ-പൂക്കൾ കുറിച്യർമലയാനം എന്ന ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ആലപ്പുഴ എസ്.ഡി. കോളേജിലെ സസ്യശാസ്ത്ര അധ്യാപകൻ ഡോ. ജോസ് മാത്യു, കല്പറ്റ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫീസർ സലിം പിച്ചൻ, കേരള സർവകലാശാല സസ്യശാസ്ത്രവിഭാഗം പ്രൊഫസർ ഡോ. പി.എം. രാധാമണി, ചെമ്പഴന്തി എസ്.എൻ. കോളേജ് സസ്യശാസ്ത്രവിഭാഗം അധ്യാപിക ഡോ. എസ്.എസ്. ഉഷ എന്നിവരാണു കണ്ടെത്തലിനു പിന്നിൽ.