ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ഇപ്പോഴിതാ ജയലളിതയുടെ അവസാനദിവസങ്ങളെക്കുറിച്ച് റിപ്പോർട്ടിലുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മാവോ സെ തൂങ്ങിനെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ഡോക്ടറുമായി ജയലളിത നടത്തിയ സംഭാഷണവും 2016ൽ നടന്ന സംഭവങ്ങളെക്കുറിച്ച് സഹായി ശശികല പറയുന്നതുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസത്തിൽ ദുരൂഹത ആരോപിക്കുന്നതിനാലും ജയലളിതയുടെ മരണത്തെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങൾ പ്രചരിക്കുന്നതിനാലും ഈ പറയുന്ന കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം 2016 ഡിസംബർ 5 നാണ് അന്തരിച്ചത്. വിദഗ്‌ധർ നിർദേശിച്ചിട്ടും ചികിത്സയ്‌ക്ക് വിദേശത്തേക്ക് കൊണ്ടുപോകാത്തത് ഉൾപ്പെടെയുള്ള വീഴ്ചകൾ ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷൻ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയലളിതയുടെ ഹൃദയത്തിൽ സുഷിരമുണ്ടായിരുന്നു, എയിംസിലെ വിദഗ്ധരും യുകെയിൽ നിന്നുള്ള ഡോ റിച്ചാർഡ് ബീലും വിദേശത്ത് ആൻജിയോഗ്രാമും ചികിത്സയും ശുപാർശ ചെയ്തിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.