ലക്നൗ: എംഎല്‍എമാര്‍ക്ക് കര്‍ശന നിബന്ധനകളുമായി ഉത്തര്‍പ്രദേശ് നിയമസഭയുടെ പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍. അംഗങ്ങള്‍ സഭയുടെ അകത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകരുതെന്നും രേഖകള്‍ കീറി എറിയരുതെന്നും സ്‍പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുതെന്നും ഉള്‍പ്പെടെ നിരവധി പുതിയ വ്യവസ്ഥകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റൂള്‍സ് ഓഫ് പ്രൊസീജ്യേഴ്സ് ആന്റ് കണ്‍ടക്ട് ഓഫ് ബിസിനസ് ഓഫ് ഉത്തര്‍പ്രദേശ് ലെജിസ്‍ല്ലേറ്റീവ് അസംബ്ലി – 2023 എന്ന് പേരിട്ടിരിക്കുന്ന പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇപ്പോള്‍ പ്രാബല്യത്തിലുള്ള 1958ലെ ചട്ടങ്ങള്‍ മാറ്റപ്പെടും. തിങ്കളാഴ്ച സഭയില്‍ അവതരിപ്പിക്കാനും ബുധനാഴ്ച ചര്‍ച്ചകള്‍ നടത്താനുമാണ് തീരുമാനമെന്ന് സ്‍പീക്കര്‍ സതീഷ് മഹാനാ പറഞ്ഞു.
പുതിയ ചട്ട പ്രകാരം ഒരു രേഖയും സഭയ്ക്കുള്ളില്‍ വെച്ച് കീറാന്‍ പാടില്ല. പ്രസംഗിക്കുമ്പോഴോ ആരെയെങ്കിലും അഭിനന്ദിക്കുമ്പോഴോ ആരെയും ചൂണ്ടി സംസാരിക്കാന്‍ പാടില്ല. സഭയ്ക്കുള്ളില്‍ സ്പീക്കര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കാനോ ഇരിക്കാനോ അനുവാദമുണ്ടാവില്ല. ആയുധനങ്ങള്‍ കൊണ്ടുവരാനും പ്രദര്‍ശിപ്പിക്കാനും വിലക്കുണ്ട്. ലോബിയിലിരുന്ന് എംഎല്‍എമാര്‍ പുക വലിക്കരുതെന്നും വലിയ ശബ്ദത്തില്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുതെന്നും ചട്ടങ്ങളിലുണ്ട്.
സഭയില്‍ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും സ്പീക്കറോടുള്ള ആദര സൂചകമായി തല കുനിക്കണമെന്ന് നിഷ്കര്‍ശിക്കുന്ന വ്യവസ്ഥയില്‍ പക്ഷേ സഭ വിളിച്ചു ചേര്‍ക്കുന്നതിനുള്ള കാലയളവ് ഇപ്പോഴത്തെ 14 ദിവസത്തില്‍ നിന്ന് ഏഴ് ദിവസമാക്കി കുറച്ചു. മറ്റ് എന്തെങ്കിലും പുസ്തകങ്ങളോ ചോദ്യാവലികളോ കുറിപ്പുകളോ വാര്‍ത്താ പ്രസ്‍താവനകളോ എംഎല്‍എമാര്‍ സഭയില്‍ കൊണ്ടുപോകരുത്. ഓരോ ദിവസത്തെയും നടപടിക്രമങ്ങള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ എംഎല്‍എമാര്‍ക്ക് ലഭ്യമാക്കും.