മസ്ക്കറ്റ്: ഷാർജയേയും മസ്ക്കറ്റിനേയും ബന്ധിപ്പിച്ച് കൊണ്ട് യുഎഇ-ഒമാൻ പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് അറിയിച്ചു. ഫെബ്രുവരി 27 മുതൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ഒമാൻ നാഷ്ണൽ ട്രാൻസ്പോർട്ട് കമ്പനിയായ മുസാവലത്ത് ഷാർജ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുമായി കരാറിൽ ഒപ്പുവെച്ചു. ഷാർജയിൽ നിന്നും മസ്‌കറ്റിൽ നിന്നും രണ്ട് വീതം നാല് സർവീസുകളാണുണ്ടാവുക. ഷിനാസ് വഴിയാണ് സർവീസ് നടത്തുക. ചെക്ക്-ഇൻ ബാഗേജായി 23 കിലോയും ഹാൻഡ് ബാഗേജായി 7 കിലോയും യാത്രക്കാർക്ക് കൊണ്ടുപോകാം. 10 ഒമാൻ റിയാൽ (95.40 ദിർഹം), 29 ഒമാൻ റിയാൽ (276.66 ദിർഹം) മുതലാണ് നിരക്ക് ഈടാക്കുന്നത്.
ഷാർജയിൽ നിന്നുള്ള ആദ്യ ബസ് അൽജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30ന് അസൈബ ബസ് സ്റ്റേഷനിലെത്തും. രണ്ടാമത്തെ ബസ് ഷാർജയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് രാത്രി 11.50ന് മസ്‌കറ്റിൽ എത്തും. അതേസമയം മസ്‌കറ്റിൽ നിന്നുള്ള ആദ്യ ബസ് രാവിലെ 6.30ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.40ന് ഷാർജയിലെത്തും. രണ്ടാമത്തേത് മസ്‌കറ്റിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പുലർച്ചെ 1.10നാണ് അൽജുബൈൽ ബസ് സ്റ്റേഷനിലെത്തുക.