തിരുവനന്തപുരം : പുതുവത്സരാഘോഷത്തെ തുടര്‍ന്നുള്ള വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെയും ഓപ്പറേഷന്‍ ഫ്രീക്കില്‍ പിടികൂടും. പത്തനംതിട്ടയില്‍ ഒരു മണിക്കൂര്‍ പരിശോധനയില്‍ 126 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം കെടുത്തുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് പത്തനംതിട്ടയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ ഫ്രീക്ക്. ആദ്യ ദിവസത്തെ പരിശോധനയില്‍ പിടിയിലായവരില്‍ ഏറെയും അമിതവേഗതയില്‍ ചീറിപ്പാഞ്ഞവരും ഹെല്‍മറ്റ് ഇല്ലാത്ത പിന്‍സീറ്റ് യാത്രക്കാരുമാണ്.
നഗരത്തിലെ വിവിധ സിഗ്‌നലുകളില്‍ ഒരേ സമയം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനക്കിറങ്ങി. റോഡുകളില്‍ മഫ്തിയിലും ഉദ്യോഗസ്ഥര്‍. പരിശോധന ഏകോപിപ്പിച്ച് ആര്‍ടിഒയും. ഒരു മണിക്കൂര്‍ പരിശോധനയില്‍ മാത്രം 126 പേര്‍ക്കെതിരെ കേസ്. 111 പേര്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു. കൊവിഡ് മുന്‍കരുതലില്‍ ബ്രീത് അനലൈസര്‍ ഒഴിവാക്കിയതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിരീക്ഷണം. ഇന്നും നാളെയും പരിശോധന തുടരും.