തിരൂർ : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. സൈലൻസർ ഇല്ലാത്ത ഇരുചക്ര വാഹനങ്ങൾ ഓടിക്കുക, രണ്ടിൽ കൂടുതൽ ആളുകളെ കയറ്റി യാത്ര ചെയ്യുക എന്നിങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ആൾട്ടർ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. ബൈക്ക് സ്റ്റണ്ട് നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളും. അനുവാദം ഇല്ലാതെ ലൈവ് ഷോകൾ നടത്താൻ പാടില്ല. എക്‌സിബിഷൻ ലൈസൻസ് ഇല്ലാതെ വെടിക്കെട്ടുകൾ നടത്തിയാൽ സംഘടകർക്കെതിരെ കേസെടുക്കും.
തട്ടുകടകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ നേരത്തെ അടക്കണം. പ്രദേശത്ത് മഫ്തി പൊലീസിനെ കൂടുതൽ നിയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ കണക്കിലെടുത്താണ് പൊലീസിന്റെ മുൻകരുതൽ.