കോഴിക്കോട് ∙ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ, മലപ്പുറം മങ്കട സ്വദേശിനിയുടെ പരാതിയിൽ യുവതിയുടെ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദില്‍(29), മാതാവ് സാക്കിറ (54) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയിൽവച്ച് ഇന്നലെ കുഞ്ഞിനെ കണ്ടെത്തിയിരുന്നു.
കുടുംബ വഴക്കിനെ തുടർന്നാണ് പ്രതികൾ നവജാത ശിശുവിനെ അമ്മയിൽനിന്ന് എടുത്തു മാറ്റിയതെന്നു പൊലീസ് പറയുന്നു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് പൂളക്കടവിലെ വീട്ടിൽനിന്ന് ആദിലും സാക്കിറയും കുഞ്ഞുമായി കടന്നത്. പിന്നാലെ കുഞ്ഞിന്റെ മാതാവ് ചേവായൂർ പൊലീസിൽ പരാതി നൽകി. 12 ദിവസം മുൻപു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു യുവതിയുടെ പ്രസവം. ഇതിനുശേഷം ഭർതൃവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.