ന്യൂഡൽഹി: ചാനൽ ചർച്ചക്കിടെ ഇന്ത്യ ടി.വി എഡിറ്റർ ഇൻ ചീഫ് രജത് ശർമ, പാർട്ടി ദേശീയ വക്താവ് രാഗിണി നായകിനെ അധിക്ഷേപിച്ചെന്ന് കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് രാഗിണി നായക് ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയാൽ, മാനനഷ്ടത്തിന് കേസ് നൽകുമെന്നും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും രജത് ശർമ തന്നെ ഭീഷണിപ്പെടുത്തിയതായി രാഗിണി നായക് പ്രതികരിച്ചു.
വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് രാവിലെ 11.30ഓടെ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനിടെ രജത് ശർമ രാഗിണിക്കു നേരെ അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. മുന്നണിയുടെ പേര് ‘ഇൻഡി അലയൻസ്’ എന്ന് ആവർത്തിച്ചത് രാഗിണിയെ പ്രകോപിപ്പിക്കുകയും ഇക്കാര്യത്തെ ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രജത് ശർമ അശ്ലീല പദപ്രയോദം നടത്തിയത്. ലൈവ് ഷോ ആയതിനാൽ ഇത് ടെലകാസ്റ്റ് ചെയ്യുകയും ചെയ്തു. ചാനലിന്‍റെ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽനിന്ന് വിവാദ ഭാഗം നീക്കിയിട്ടുണ്ട്.
വിഡിയോ തന്‍റെ കുടുംബത്തിലെ ആളുകൾ ഉൾപ്പെടെ രാജ്യമാകെ കണ്ടെന്നും അപമാനിക്കപ്പെട്ടെന്നും രാഗിണി കഴിഞ്ഞ ദിവസം വിളിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാനലിന്‍റെ ലൈവ് സ്ട്രീമിങ്ങിന്‍റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു. രജത് ശർമക്ക് സ്വന്തം രാഷ്ട്രീയ ചായ്‌വുണ്ടെങ്കിലും, സ്ത്രീ കൂടിയായ കോൺഗ്രസ് വക്താവിനെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കേണ്ടതാണെന്നും വിഷയത്തിൽ രജത് ശർമ ക്ഷമാപണം നടത്തണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു.