ന്യൂഡല്‍ഹി : വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍. ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇലോണ്‍ മസ്‌കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകളും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. ട്വിറ്റര്‍ അക്കൗണ്ട് വൈകാതെ പുനഃസ്ഥാപിച്ചു. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല. കഴിഞ്ഞ ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ ബിറ്റ്കോയ്ന്‍ നിയമാനുസൃതമാക്കിയെന്നും സര്‍ക്കാര്‍ 500 ബിറ്റ്കോയ്ന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്നും ട്വീറ്റ് ചെയ്യപ്പെട്ടു.
ഈ മാസം ആദ്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഐഎംഎ എന്ന ട്വിറ്ററിലെ പേര് ഹാക്കര്‍മാര്‍ ഇലോണ്‍ മസ്‌ക് എന്നുമാറ്റി ട്വീറ്റും ചെയ്തിരുന്നു. ഐഎംഎയ്ക്ക് പുറമേ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സിന്റെയും മന്‍ ദേശി മഹിളാ ബാങ്കിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഹാന്‍ഡിലുകളുടെ പേര് ഇലോണ്‍ മസ്‌ക് എന്ന് മാറ്റിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരുന്നു.