അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലിയിൽ പൊതു-സ്വകാര്യ സംയുക്തസംരഭമായ മെഡിക്കൽ കോളേജിൽ തിമിരശസ്ത്രക്രിയ നടത്തിയ എട്ടുപേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ട സംഭവത്തിൽ സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചു.
ശാന്താബ ഗജേര മെഡിക്കൽ കോളജിൽ കഴിഞ്ഞമാസം ശസ്ത്രക്രിയക്ക് വിധേയരായ 17 രോഗികളിൽ എട്ടു പേർക്കാണ് കാഴ്ചപോയത്. തുടർപരിശോധനകൾക്ക് എത്താഞ്ഞതിനാൽ അണുബാധയുണ്ടായെന്ന് സൂപ്രണ്ട് ഡോ. ആർ.എം. ജീതിയ പറഞ്ഞു. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞയുടനെ കാഴ്ച നഷ്ടമായെന്നും മരുന്നൊഴിച്ചാൽ മതിയെന്നുപറഞ്ഞ് വീട്ടിലേക്ക് വിട്ടെന്നുമാണ് ചില രോഗികൾ വെളിപ്പെടുത്തിയത്. ഏഴംഗ ഉന്നത സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.