തിരുവനന്തപുരം : റിലയൻസ് ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരള ചാനലിൽ കൂട്ടപ്പിരിച്ചു വിടൽ വരുന്നു. ന്യൂസ് 18 കേരള വൻ നഷ്ടത്തിൽ തുടരുന്ന സാഹചര്യത്തിലാണ് നാമമാത്രമായി ചാനൽ നടത്താനുള്ള തീരുമാനം. കഴക്കൂട്ടത്തുള്ള ചാനൽ ഓഫിസ് പ്രവർത്തനം അവസാനിപ്പിച്ചു ഡസ്ക് പ്രവർത്തനം ഹൈദരാബാദിലെ ന്യൂസ് സൗത്ത് ഇന്ത്യൻ ഡസ്കിന്റെ ഭാഗമാക്കാനാണു തീരുമാനം. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെയെല്ലാം ന്യൂസ് 18 ചാനൽ ഡസ്ക് ഹൈദരാബാദിലാണ് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയെല്ലാം ന്യൂസ് 18 ചാനൽ ഡസ്ക് നോയിഡയിലും. കേരളത്തിലെ കടുത്ത ചാനൽ മൽസരം കണക്കിലെടുത്താണ് പ്രത്യേക ഡസ്കിന് അനുമതി നൽകിയിരുന്നത്.
ഹൈദരാബാദിലെ കേന്ദ്രീകൃത ഡസ്കിന്റെ ഭാഗമാകുമ്പോൾ ജീവനക്കാരുടെ എണ്ണവും സാങ്കേതിക ചെലവുകളും ഗണ്യമായി കുറയ്ക്കാൻ കഴിയും. ഫലത്തിൽ ന്യൂസ് 18ന്റെ ബ്യൂറോകൾ മാത്രമാകും കേരളത്തിൽ. റിപ്പോർട്ടർമാരുടെ എണ്ണവും വെട്ടിക്കുറയ്ക്കാനാണ് റിലയൻസ് മാനേജ്മെന്റിന്റെ നിർദേശം. ഡസ്ക് മാറ്റത്തിനു മുന്നോടിയായി കഴക്കൂട്ടം ന്യൂസ് 18 ഓഫിസിലെ പകുതി സ്ഥലം ഉടൻ ജിയോയ്ക്കു വിട്ടു കൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡസ്ക് ഹൈദരാബാദിലേക്ക് മാറ്റുന്നതോടെ കഴക്കൂട്ടത്തെ ഓഫിസ് പൂർണമായും ജിയോയ്ക്ക് നൽകും.
ഹൈദരാബാദിലെ ഡസ്കിലേക്ക് ജോലി ചെയ്യാൻ താൽപര്യമുള്ള വിരലിലെണ്ണാവുന്നവർക്കു മാത്രമാകും തുടരാൻ കഴിയുക. ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകരിൽ നിന്നു രാജി ആവശ്യപ്പെട്ടിട്ടുണ്ട്. സനീഷ് ഇളയിടത്തു രാജി നൽകി. മറ്റൊരു ജോലി ഉറപ്പാക്കാനായി തൽക്കാലം അവധിയിൽ പോകാമെന്ന ശ്രീലാലിന്റെ അപേക്ഷ അംഗീകരിച്ചു. മാതൃഭൂമി ചാനലിൽ ശ്രീലാൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. കൈരളി ചാനലിൽ ഡൽഹി ബ്യൂറോ ചീഫാകാൻ ശ്രമിച്ചെങ്കിലും ഏഷ്യാനെറ്റിലെ പി.ആർ.സുനിലിനാണ് നറുക്കു വീണത്. സതീഷ് കുമാർ രാജിവച്ചു സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ചു. കിരൺ ബാബു കെയുഡബ്ല്യൂജെ സംസ്ഥാന ഭാരവാഹിയായി മൽസരിച്ചു ഭാഗ്യ പരീക്ഷണത്തിനുള്ള ശ്രമത്തിലാണ്.
കേരളത്തിലെ നമ്പർ വൺ ചാനലാകുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ചാനലുകളിൽ നിന്നു മാധ്യമ പ്രവർത്തകരെ വൻ ശമ്പളം നൽകിയാണ് ന്യൂസ് 18 കേരള തുടങ്ങിയത്. മൂന്നു വർഷത്തേക്കുള്ള കരാറിലായിരുന്നു നിയമനം. മൂന്നു വർഷം കഴിഞ്ഞിട്ടും ചാനൽ ഗതിപിടിക്കുന്നില്ലെന്നു കണ്ടപ്പോൾ ശമ്പളം മൂന്നിലൊന്നും നാലിലൊന്നുമൊക്കെയായി വെട്ടിക്കുറച്ചു.
ബാർക് റേറ്റിങിൽ കേരളത്തിലെ വാർത്താ ചാനലുകളിൽ ഏഴാമതാണ് ന്യൂസ് 18 കേരളയുടെ സ്ഥാനം. ഏഷ്യാനെറ്റിനെ തോൽപിക്കാനെത്തിയ ചാനൽ ജനം, കൈരളി ചാനലുകളേക്കാൾ പിന്നിലായതിൽ റിലയൻസ് മാനേജ്മെന്റിനു കടുത്ത അതൃപ്തിയുണ്ട്. റേറ്റിങ് ഉയർത്തിയില്ലെങ്കിൽ ചാനൽ പൂട്ടുമെന്നു പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഫലമുണ്ടായില്ല. ചാനൽ മെച്ചപ്പെടില്ലെന്ന് ഉറപ്പായതോടെയാണ് നാമമാത്ര ചാനലായി തുടരാനുള്ള തീരുമാനം.