കൊച്ചി> തിരുവനന്തപുരം സർവീസ് സഹകരണ ബാങ്കിൽ കൃത്രിമ രേഖയുണ്ടാക്കിയ പണം തട്ടിയ ബാങ്ക് സെക്രട്ടറി പി ശശി കുമാറിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ബാങ്കിലെ 5 സ്ഥിരനിക്ഷേപകർ അവരുടെ നിക്ഷേപ തുകയിൽ വായ്‌പയെടുത്തതായി കൃത്രിമ രേഖയുണ്ടാക്കി 17,11,000 രൂപയുടെ ക്രമക്കേടാണ് ശരികുമാർ നടത്തിയത്.
സാമ്പത്തിക തിരിമറിക്കും, ഔദ്യോഗിക കൃത്യവിലോപത്തിനും പ്രതിയെ നാല് കേസുകളിൽ രണ്ടുവർഷം വീതം കഠിന തടവും തടവിന് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചിരുന്നു. രണ്ട് ലക്ഷം രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം ആറുമാസം കൂടി തടവിനും ചതിക്കൽ, ചതിക്കുന്നതിനുള്ള വ്യാജരേഖ നിർമ്മാണം, വ്യാജരേഖ യഥാർത്ഥമെന്നപോലെ ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾക്ക് രണ്ടുവർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കുന്നതിനും, പിഴ ഒടുക്കാത്ത പക്ഷം നാലുമാസം കൂടി തടവും കോടതി വിധിച്ചു. ഇതിനെതിരെ പ്രതി ഫയൽ ചെയ്ത അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.
പ്രതിയുടെ ഗുരുതരമായ രോഗാവസ്ഥ പരിഗണിച്ച് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഉത്തരവിട്ടു. വിജിലൻസിനു വേണ്ടി സ്പെഷ്യൽ ഗവ.പ്ലീഡർ എ രാജേഷ്, സീനിയർ ഗവ.പ്ലീഡർ എസ് രേഖ എന്നിവർ ഹാജരായി