തിരുവനന്തപുരം > ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് ബുധനാഴ്‌ച തുടക്കം. ബെഫി സംസ്ഥാന പ്രസിഡണ്ട് ഷാജു ആൻറണി നയിക്കുന്ന തെക്കൻ മേഖലാജാഥ തിരുവനന്തപുരത്ത്, പാളയം രക്തസാക്ഷി മണ്ഡപത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർഗോഡ് മുൻ എം.പി, പി കരുണാകരൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ ബാങ്കുകളെയാകെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ലയനത്തിലൂടെ 27 ൽ നിന്ന് 12 ആയി കുറഞ്ഞു. ഇവയെ സ്വകാര്യവൽക്കരിക്കാനും തുടർന്ന് വിദേശവവൽക്കരിക്കാനും ആണ് കേന്ദ്ര സർക്കാർ നീക്കം. ലയനത്തെ തുടർന്ന് ആറായിരത്തിലധികം പൊതുമേഖലാ ബാങ്ക് ശാഖകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. ലയിച്ചു വലുതായ ബാങ്കുകൾ സാധാരണ ഇടപാടുകാരെ തഴയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ചെറുകിട, കാർഷിക, വിദ്യാഭ്യാസ വായ്പകൾക്കായി ഇടപാടുകാർ ദിവസങ്ങളോളം ശാഖകൾ കയറിയിറങ്ങുകയാണ്. വിവിധ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന സർവീസ് ചാർജ്ജിൽ കനത്ത വർദ്ധനയാണ് വരുത്തിയിട്ടുള്ളത്. ഇത് സാധാരണക്കാരനെ ബാങ്കിൽ നിന്നും അകറ്റുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായിട്ട് വേണം കരുതാൻ. സാധാരണക്കാരന്റെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളോടും, ഗ്രാമീണ ബാങ്കുകളോടും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ഗ്രാമീണ ബാങ്കുകളുടെ ഓഹരികൾ വിൽക്കാനുള്ള നീക്കം നടക്കുമ്പോൾ സഹകരണ മേഖലയെ വരിഞ്ഞുമുറുക്കുന്ന നയങ്ങൾ അനുസ്യൂതം നടപ്പിലാക്കുകയാണ്.
ബാങ്കുകളിൽ നിലനിൽക്കുന്ന മൂന്നുലക്ഷം ഒഴിവുകളിലേക്ക് സ്ഥിരം നിയമനം നടത്താൻ അധികാരികൾ തയ്യാറാകുന്നില്ല. രാജ്യത്തെ അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകരെയാകെ വഞ്ചിച്ചു കൊണ്ട് ഈ ഒഴിവുകളിലേക്കെല്ലാം താൽക്കാലിക, കരാർ, അപ്രന്റീസ് നിയമങ്ങളാണ് ലക്ഷ്യമിടുന്നത്. റിസർവ് ബാങ്കിനെയും നബാർഡിനേയും നോക്കുകുത്തിയാക്കി അവയുടെ നിയന്ത്രണാധികാരങ്ങൾ കവർന്നെടുത്ത് ബാങ്കിംഗ് മേഖലയാകെ കുത്തകൾക്ക് തീറെഴുതുന്ന നയങ്ങളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള പ്രചരണം ലക്ഷ്യമിട്ടാണ് ജാഥയുടെ പര്യടനം നടക്കുക. ജാഥയോടൊപ്പം ഒരു കലാജാഥയും പര്യടനം നടത്തുന്നുണ്ട്. ഇരു ജാഥകളും മെയ് 13-ാം തീയതി എറണാകുളത്ത് സമാപിക്കുമ്പോൾ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടക്കും.