കണ്ണൂർ> ഇന്ത്യയെ ബിജെപി രാജിൽ നിന്ന് സ്വതന്ത്രമാക്കാൻ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. എൻ ഇ ബാലറാം–- പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം പല പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മണിപ്പുർ കത്തിക്കൊണ്ടിരിക്കുമ്പോഴും രണ്ട് സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവം പുറത്തുവന്നപ്പോഴാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. മണിപ്പുരിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അജൻഡയാണ് നടപ്പാക്കുന്നത്. 2024ൽ രാജ്യത്ത് നടക്കുന്നത് നിർണായക തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ ബിജെപി ഭരണത്തിൽനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടാകേണ്ടതെന്നും ഡി രാജ പറഞ്ഞു.
സി എൻ ചന്ദ്രൻ അധ്യക്ഷനായി. ആനി രാജ, പി സന്തോഷ്കുമാർ എംപി, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സി പി സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.