കോഴിക്കോട് > ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ക്യാമ്പയിനിന് താമരശ്ശേരി ചുരം ശുചീകരണത്തിലൂടെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് തുടക്കം കുറിച്ചു. 12 കിലോമീറ്റർ ദൂരത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന് രാവിലെ 7 മണി മുതൽ ശുചീകരണം ആരംഭിച്ചു. താമരശ്ശേരി, തിരുവമ്പാടി, ബാലുശ്ശേരി, നരിക്കുനി, കുന്ദമംഗലം കക്കോടി ബ്ലോക്കുകളിൽ നിന്നായി 700 വളണ്ടിയർമാർ ശുചീകരണത്തിൽ പങ്കാളികളായി.
ശുചീകരണ പരിപാടി ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗവും സംസ്ഥാന യൂത്ത് കമ്മീഷൻ ചെയർമാനുമായ എം ഷാജർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി ഷൈജു, കെ എം സച്ചിൻ ദേവ് എംഎൽഎ, കെ ഷഫീക്ക്, ദീപു പ്രേംനാഥ്, കെ അരുൺ, ബി പി ബബീഷ്, വി പി അമൃത, അജയ് ഘോഷ് എന്നിവർ സംസാരിച്ചു. ടി മെഹറൂഫ് സ്വാഗതവും ടി കെ സുമേഷ് നന്ദിയും പറഞ്ഞു.
പരിസ്ഥിതി പ്രവർത്തനത്തിൻ്റെ ഭാഗമായി മേഖല കേന്ദ്രങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ 1 വർഷക്കാലം ശേഖരിക്കും. തുടർന്ന് ഇതേ മാതൃകയിൽ കുറ്റ്യാടി ചുരവും മാമ്പുഴയും ശുചീകരിച്ച് 1 വർഷക്കാലം പ്ലാസ്റ്റിക് ശേഖരിക്കും. ക്യാമ്പയിനിന്റെ ഭാഗമയി ശേഖരിക്കുന്ന പ്ലാസ്റ്റിക് വിൽപന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ഒരു ശുചി മുറി നിർമ്മിക്കുന്ന രൂപത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനമാണ് ജില്ലാ കമ്മിറ്റി രൂപം നൽകിയത്.
3 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർന്ന് വരുന്ന പൊതിച്ചോർ വിതരണം രക്തദാനം തുടങ്ങിയ ക്യാമ്പയിനുകളിലൂടെ സന്നദ്ധ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയാണ് പരിസ്ഥിതി പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി മെഡിക്കൽ കോളേജിൽ ശുചിമുറി നിർമ്മാണം ഏറ്റെടുത്തത്. ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് UNEP മുന്നോട്ട് വെച്ച Beat plastic Polution എന്ന മുദ്രാവാക്യത്തിന് പ്രായോഗിക രൂപം നൽകുകയാണ് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി.