തിരുവനന്തപുരം > നടൻ ജയസൂര്യ പൊതുചടങ്ങിൽ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി ജി ആർ അനിൽ.തന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നാളിതുവരെ നൽകിയിട്ടില്ലെന്നും അത് ലഭിക്കാനായി തിരുവോണ ദിവസം അദ്ദേഹം ഉപവാസമിരിക്കുന്നു എന്നതുമാണ് ജയസൂര്യ പറഞ്ഞത്. കൃഷ്ണപ്രസാദിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ജൂലൈ മാസം നൽകിയതാണ്. കോട്ടയം ജില്ലയിൽ പായിപ്പാട് കൃഷിഭവനുകീഴിൽ കൃഷ്ണപ്രസാദിന്റെ കൊല്ലാത്ത് ചാത്തൻകേരി പാടശേഖരത്തെ 1.87 ഏക്കർ കൃഷിഭൂമിയിൽ വിളയിച്ച 5,568 കിലോ നെല്ല് സപ്ലൈകോ സംഭരിച്ചു. അതിന്റെ വിലയായ 1.57 ലക്ഷം രൂപ ജൂലൈ മാസത്തിൽ എസ്ബിഐ വഴി നൽകി.
ഈ സീസണിൽ കർഷകരിൽ നിന്നും സംഭരിച്ച 7.31 ലക്ഷം മെട്രിക് ടൺ നെല്ലിന്റെ വിലയായി 2070.71 കോടി രൂപയാണ് കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1817.71 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തു. 50,000- രൂപ വരെ നെല്ലിന്റെ വില നൽകേണ്ട കർഷകർക്ക് പൂർണമായും ബാക്കി കർഷകർക്ക് നെല്ലിന് നൽകേണ്ട വിലയുടെ 28 ശതമാനവും ഓണത്തിന് മുൻപു നൽകിയെന്നും മന്ത്രി പറഞ്ഞു.