കൊല്ലം> മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള ഫീഡ്സ് ലിമിറ്റഡിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ ‘സുരക്ഷിതി’ന്റെ സംസ്ഥാനതല ഉദ്ഘാടനവും ആരോഗ്യ ശുചിത്വബോധവല്‍ക്കരണവും മെന്‍സ്ട്രല്‍ കപ്പ് വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍ അധ്യക്ഷയായി. കേരള ഫീഡ്‌സിന്റെ 2021–2022 സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡുമായി സഹകരിച്ച് പദ്ധതി വിഭാവനംചെയ്തത്. ഡോ. കൃഷ്ണ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ക്ലാസെടുത്തു. കരുകോണ്‍, വയല, ചടയമംഗലം, കുമ്മിള്‍, ചിതറ, കടയ്ക്കല്‍, തേവന്നൂര്‍ എന്നീ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ പ്രതിനിധീകരിച്ച് പ്രിന്‍സിപ്പലും പ്രധാനാധ്യാപകനും മെന്‍സ്ട്രല്‍ കപ്പ് മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് അംഗം ജെ നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിന്‍ കടയ്ക്കല്‍, കേരള ഫീഡ്‌സ് മാനേജിങ് ഡയറക്ടര്‍ ബി ശ്രീകുമാര്‍, പുനലൂര്‍ ഡിഇഒ എം ജെ റസീന, ടി ആര്‍ തങ്കരാജ്, പ്രിന്‍സിപ്പല്‍ എ നജിം, ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.