തൃശൂർ : കേരള വെറ്ററിനറി സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐക്ക് മിന്നും വിജയം. എതിരില്ലാതെയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്. സംസ്ഥാനത്ത് വെറ്ററിനറി സർവകാലശാലയ്ക്കു കീഴിലെ ഏഴ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐ മികച്ച വിജയം നേടിയിരുന്നു.
സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻപോലും കെഎസ്‌യു, എബിവിപി തുടങ്ങിയ സംഘടനകൾക്ക് കഴിഞ്ഞില്ല. യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റായി പി കെ മുഹമ്മദ് മുനീറും (വികെഐഡിഎഫ്‌ടി മണ്ണുത്തി), സെക്രട്ടറിയായി എ അക്ഷയും (സിവിഎഎസ് പൂക്കോട്) വിജയിച്ചു. ജോയിന്റ് സെക്രട്ടറിയായി പി ടി മുഹമ്മദ് ദിൻഷാദും (സിവിഎഎസ് മണ്ണുത്തി ), വൈസ് പ്രസിഡന്റുമാരായി സി കെ അതുൽ മോഹൻ (സിഡിഎസ്‌ടി പൂക്കോട്), അൽഫിയ മിഥുലാജ് (സിഡിഎസ്‌ടി തിരുവനന്തപുരം) എന്നിവരും ജയിച്ചു.
‘സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എസ്‌എഫ്‌ഐക്ക് വൻ വിജയം സമ്മാനിച്ച വിദ്യാർഥികളെയും ചരിത്രവിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ എന്നിവർ അഭിവാദ്യം ചെയ്‌തു.