ഫറോക്ക് > കോഴിക്കോട് – തൃശൂർ പഴയ ദേശീയ പാതയിൽ ഫറോക്ക് പുതിയ പാലത്തിൽനിന്നു യുവ ദമ്പതികൾ ചാലിയാറിൽ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ തോമസ് , വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. ഞായർ രാവിലെ പത്തോടെയാണ് സംഭവം. രക്ഷപ്പെടുത്തിയ വർഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജിതിനായി തെരച്ചിൽ തുടരുകയാണ്.
പാലത്തിലൂടെ വരികയായിരുന്ന ഒരു ലോറി ഡ്രൈവർ ദമ്പതികൾ പാലത്തിൽനിന്നു ചാടുന്നത് കണ്ടതാണ് യുവതി രക്ഷപ്പെടാൻ കാരണമായത്. സംഭവം നേരിട്ടു കണ്ട ഡ്രൈവർ വണ്ടി നിർത്തി താഴേക്ക് ഇട്ടുകൊടുത്ത കയറിൽ പിടിച്ച് പാലത്തിന്റെ തൂണിനു സമീപം അള്ളിപ്പിടിച്ച് പിടിച്ചു കിടന്ന വർഷയെ പുഴയിലെ തോണിക്കാർ കരയ്ക്കെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ ഫറോക്ക് പൊലീസുമെത്തി. യുവതിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
പുഴയിൽ ശക്തമായ ഒഴുക്കുള്ള ഭാഗത്തേക്കു വീണതിനാൽ ജിതിന് കയറിൽ പിടി കിട്ടിയിരുന്നില്ല. ജിതിൻ മുങ്ങിത്താഴുന്നത് രക്ഷാപ്രവർത്തകർ കാണുന്നുണ്ടായിരുന്നുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
6 മാസം മുമ്പായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്നത്തെ തുടർന്ന് ശനി രാത്രി ദമ്പതികൾ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നാണ് പ്രാഥമിക വിവരം. ബേപ്പൂർ ചാലിയം കോസ്റ്റൽ പൊലീസ്, മീഞ്ചന്ത അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് യുവാവിനായി തെരച്ചിൽ ഊർജിതമാക്കി.