വയനാട്: വയനാട് വാകേരിയില്‍ ഇറങ്ങിയ കടുവ ജനവാസമേഖലയില്‍ തന്നെ തുടരുന്നു. പ്രദേശത്തെ അങ്കണവാടി പരിസരത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. സര്‍വ്വസന്നാഹങ്ങളോടെ കടുവയെ തുരത്താനുള്ള ശ്രമങ്ങളിലാണ് വനം വകുപ്പ്.
എന്നാല്‍, വാകേരി ഗാന്ധിനഗറിലിറങ്ങിയ കടുവയെ രണ്ടാം ദിവസവും പിടികൂടാനായിട്ടില്ല. കാപ്പിത്തോട്ടത്തില്‍ നിലയുറപ്പിച്ച കടുവയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമവും ഫലം കണ്ടില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കാട്ടിലേക്ക് നീങ്ങിയതായുള്ള കാല്‍പ്പാടുകള്‍ വനം വകുപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം, കടുവയെ കല്ലുര്‍ക്കുന്ന് ഓടക്കുറ്റി പ്രദേശത്തെ അങ്കണവാടി പരിസരത്ത് കണ്ടതായി അങ്കണവാടി ടീച്ചര്‍ പറയുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ട്. ആവശ്യമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടും. പരുക്കേറ്റ കടുവയാണ് ജനവാസ കേന്ദ്രത്തിലെത്തിയത് എന്നാണ് നിഗമനം.
ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു. അതിനാല്‍ തന്നെ വലിയ മുന്‍കരുതലോടു കൂടിയാണ് കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. പൂതാടി പഞ്ചായത്ത് 9,10 വാര്‍ഡുകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഇതിന് തൊട്ടടുത്തുള്ള പ്രദേശത്ത് നിന്ന് മറ്റൊരു കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു.