കൊച്ചി: സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങളുടെ തീവ്രത ഏറുന്നു. വികിരണത്തിന്റെ തോത് അളക്കുന്ന യൂണിറ്റായ ‘യുവി ഇൻഡക്‌സ്’ കുറച്ചുദിവസങ്ങളായി കേരളത്തിൽ 10 മുതൽ 12 വരെയാണ്. സാധാരണനിലയിൽ ഇത് എട്ടിൽ താഴെ നിൽക്കേണ്ടതാണ്.
ഗാമാ കിരണങ്ങൾ ഉൾപ്പെടെ ചാർജുള്ള കണങ്ങൾ സൂര്യനിൽനിന്ന് പുറന്തള്ളുന്ന പ്രതിഭാസമായ ‘സോളാർ ഫ്‌ളെയർ’ വർധിച്ച സമയമായതിനാലാണ് യുവി ഇൻഡക്‌സ് ഉയരുന്നതെന്ന് കൊച്ചി ശാസ്‌ത്ര സാങ്കേതികവിദ്യ സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്‌ത്രജ്‌ഞൻ ഡോ. എം ജി മനോജ് പറഞ്ഞു. അന്തരീക്ഷത്തിലെ ഓസോൺ പാളിയാണ് അൾട്രാവയലറ്റ് രശ്‌മികളെ ഭൂമിയിലെത്താതെ വലിയൊരളവോളം തടയുന്നത്. എന്നാൽ എല്ലാഭാഗത്തും ഓസോൺ പാളിയുടെ കനം ഒരേരീതിയിലായിരിക്കില്ല.
കനം കുറഞ്ഞ ഭാഗങ്ങളിൽ തീവ്രതയേറും. മഴക്കാറുണ്ടെങ്കിൽ കുറെയൊക്കെ രശ്‌മികളെ അവ ആഗിരണം ചെയ്യും. എന്നാൽ, തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ കൂടുതൽ രശ്‌മികൾ ഭൂമിയിൽ പതിക്കും. കേരളത്തിൽ ഇപ്പോൾ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായത് യുവി ഇൻഡക്‌സ് ഉയരാൻ കാരണമായിട്ടുണ്ട്. വേനൽമഴ വ്യാപകമായാൽ ഇതിന് മാറ്റമുണ്ടാകും. അൾട്രാവയലറ്റ് രശ്‌മികളുടെ തീവ്രതയേറുന്നത് ചൂട് വർധിക്കാൻ ഇടയാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കും. നേരിട്ട് വെയിലേൽക്കുന്നവർക്ക് ചർമരോഗങ്ങൾ ഉണ്ടാകാനും കാഴ്‌ചയ്‌ക്ക് പ്രശ്‌നമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് വെയിൽകൊള്ളുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.