പേരാമ്പ്ര : സ്വർണക്കടത്തുകാർ തട്ടിക്കൊണ്ടുപോയശേഷം മരിച്ചനിലയിൽ കണ്ടെത്തിയ പന്തിരിക്കര സൂപ്പിക്കടയിലെ ഇർഷാദിന്റെ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയായ മാതാവ് കോഴിക്കുന്നുമ്മൽ വീട്ടിൽ നഫീസ കോടതിയിൽ മജിസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നൽകി. സി.ആർ.പി.സി. 164 പ്രകാരമുള്ള രഹസ്യമൊഴിയാണ് പേരാമ്പ്ര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) മുൻസിഫ് മജിസ്ട്രേറ്റ് പി. നിജീഷ് കുമാറിന് മുമ്പാകെ ശനിയാഴ്ച വൈകീട്ട് നൽകിയത്. സീൽചെയ്ത കവറിൽ സൂക്ഷിക്കുന്ന മൊഴി കേസിന്റെ വിചാരണസമയത്ത് ഹാജരാക്കും.
നേരത്തെ അറസ്റ്റിലായ മൂന്നുപേരെക്കൂടി കസ്റ്റഡിയിൽ വാങ്ങാനും പോലീസ് കഴിഞ്ഞദിവസം കോടതിയിൽ അപേക്ഷ നൽകി. മേപ്പാടി റിപ്പൺ സ്വദേശികളായ നടുക്കകണ്ടി മുബഷീർ (28), ചിറക്കൽ ഹിബാസ് (30), വൈത്തിരി അംബേദ്കർ കോളനിയിൽ ശക്തിവേൽ (38) എന്നിവരെയാണ് തെളിവെടുപ്പിനായി അന്വേഷകസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ പത്ത് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്.