ഗാസ > ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഗാസയിൽ കുടിവെള്ളവും വെളിച്ചവുമില്ലാതെ ഗർഭിണികൾ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലെന്ന് ഐക്യരാഷ്‌ട്ര സംഘടന. ഭക്ഷണം, വെള്ളം, വൈദ്യുതി, അത്യാവശ്യ സാധനങ്ങൾ എന്നിവ തീർന്നുപോകുന്നതിന്റെ വക്കിലാണെന്ന് ഐക്യരാഷ്‌ട്ര സംഘടന വക്താവ് വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. 50,000 ഗർഭിണികൾക്ക് നിലവിൽ അവശ്യ ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നില്ല. ഇവരിൽ 5,500 സ്ത്രീകളുടെ പ്രസവം അടുത്തിരിക്കുകയാണ്. അടിയന്തര അഭയ കേന്ദ്രങ്ങളിലും ജലപ്രതിസന്ധി വഷളാകുകയാണ്.
ഗാസയിലെ ആശുപത്രികൾ തകർച്ചയുടെ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമേ വൈദ്യുതി ലഭിക്കൂ. ഇത് അത്യാവശ്യ ചികിത്സയ്ക്കു മാത്രമാണ് ഉപയോഗിക്കുന്നത്. മരണസംഖ്യ ഉയരുന്നതോടൊപ്പം, പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു. മരുന്നു ഉൾപ്പെടെയുള്ള അടിയന്തര വസ്തുക്കളുടെ ക്ഷാമവും ആശുപത്രികളുടെ പ്രവർത്തനം നിലയ്ക്കുന്നതിന് വഴിവയ്ക്കും.
34 ആരോഗ്യ കേന്ദ്രങ്ങള്‍ ഗാസയില്‍ ആക്രമിക്കപ്പെട്ടു. 11 ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ജലവിതരണ സംവിധാനങ്ങളാകെ തകരാറിലാണ്. 423,000 ത്തിലധികം ആളുകൾ ഇതിനകം പ്രദേശത്തു നിന്ന് പലായനം ചെയ്‌തു. 18 യുഎൻ നേതൃത്വത്തിലുള്ള സ്കൂളുകൾ ഉൾപ്പെടെ 88 വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർത്തു. അതിൽ രണ്ടെണ്ണം അടിയന്തര അഭയ കേന്ദ്രങ്ങളാണ്.
നീതികരിക്കാനാകാത്ത ആക്രമണം
പലസ്‌തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ നടത്തുന്ന ഉപരോധം നീതീകരിക്കാനാകാത്തതെന്നും മനപ്പൂർവമായ പട്ടിണി മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നും ഐക്യരാഷ്‌ട്ര സംഘടന നിയമിച്ച അവകാശ വിദഗ്‌ധർ. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്ന അക്രമത്തിന് ന്യായീകരണമില്ല. ഇത് അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടതും യുദ്ധക്കുറ്റത്തിന് തുല്യവുമാണ്. മനപ്പൂർവമായ പട്ടിണി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ് – വിദഗ്‌ധർ പറഞ്ഞു.
ഭീഷണിപ്പെടുത്തി ഇസ്രയേൽ
ഒറ്റ ദിവസംകൊണ്ട് ഗാസവിടാൻ പലസ്‌തീൻകാരോട് ഭീഷണി മുഴക്കി ഇസ്രയേൽ. വ്യാഴാഴ്‌ച അർധരാത്രിയോടെയാണ് യുഎൻ അടിയന്തര അഭയകേന്ദ്രങ്ങളിൽ ഉള്ളവരെ ഉൾപ്പെടെ മാറ്റിപ്പാർപ്പിക്കാൻ അന്ത്യശാസനം മുഴക്കിയത്. തെക്കൻ മേഖലയിലേക്ക് മാറാനാണ് ആവശ്യപ്പെട്ടത്. എന്നാൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളവർ ഉൾപ്പെടെ 10 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുക അസാധ്യമെന്ന് ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. ഗാസയിൽ ആപത്‌കരമായ സാഹചര്യമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
യുദ്ധം ഒരാഴ്‌ച പിന്നിടുമ്പോൾ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 1,799 പലസ്തീനികൾ കൊല്ലപ്പെടുകയും 6,388 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,300 ആയി, മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ സ്ഥലങ്ങളിൽ ഇസ്രായേൽ നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് ഒമ്പത് പേരും കൊല്ലപ്പെട്ടു. റിസർവ് സൈനികർ ഉൾപ്പെടെ ഗാസ അതിർത്തിയിൽ ഇസ്രായേൽ മൂന്നര ലക്ഷം സൈനികരെയും യുദ്ധ ടാങ്കുകളും മറ്റു ആയുധങ്ങളും വിന്യസിച്ചിട്ടുണ്ട്.