ന്യൂഡൽഹി > മോദി സർക്കാരിന്റെ വിമർശകരായ ന്യൂസ്‌ക്ലിക്ക് വാർത്താപോർട്ടൽ എഡിറ്ററടക്കമുള്ള മാധ്യമപ്രവർത്തകരുടെ വീട്ടിൽ നടത്തിയ പരിശോധനയും കസ്‌റ്റഡിയും രാജ്യത്തെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്രസർക്കാരിന്റെ മറ്റൊരു ശ്രമമാണെന്ന് കുറ്റപ്പെടുത്തി എഡിറ്റേഴ്‌സ് ഗിൽഡ്. നീക്കത്തിൽ കടുത്ത ആശങ്കയും ഗിൽഡ് രേഖപ്പെടുത്തി.കരിനിയമമായ യുഎപിഎ ചുമത്തിയ കേസിലാണ് വ്യാപക ‘പരിശോധന’ നടന്നത്. മാധ്യമപ്രവർത്തകരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കുറ്റകൃത്യം നടന്നാൽ നിയമപരമായ നടപടികളാണ് പിന്തുടരേണ്ടത്. അന്വേഷണത്തിന്റെ പേരിൽ ഭീഷണിയുടെയും ആവിഷ്ക്കാര സ്വാതന്ത്രത്തെ ഹനിക്കുന്നതും കരിനിയമങ്ങളുടെ നിഴലിലുള്ള ഭീഷണിപ്പെടുത്തലിന്റെയും പൊതു അന്തരീക്ഷം സൃഷ്ടിക്കാൻ പാടില്ല. ജനാധിപത്യ വ്യവസ്ഥയിൽ സ്വതന്ത്ര മാധ്യമങ്ങളുടെ പ്രധാന്യം കേന്ദ്രത്തെ ഓർമിപ്പിക്കുന്നുവെന്നും നാലാം തൂണിനുള്ള ബഹുമാനവും സംരക്ഷണവും സർക്കാർ ഉറപ്പാക്കണമെന്നും ഗിൽഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.