തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പിലാവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
കേരളത്തിൽ 50 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ലാ പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും പാലക്കാട് സംസ്ഥാന സമിതിയംഗം റൗഫിൻ്റെ കരിമ്പുള്ളിയിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുണ്ട്. തിരുവനന്തപുരത്തെ പോപുലർ ഫ്രണ്ട് ഓഫീസിന് മുന്നിലെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ പ്രവർത്തകർ അടിച്ചു തടയാന്‍ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.