റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസനയെയും ഹസീനയെയും റിയാദിലെത്തിച്ചു. പ്രത്യേക വിമാനത്തിൽ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ച ഇരട്ടകളെ, വിദഗ്‌ധ പരിശോധനകൾക്കും വേർപെടുത്തൽ സാധ്യതയുടെ പഠനത്തിനുമായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല ചിൽഡ്രൻ സ്‍പേഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
മാതാപിതാക്കളോടൊപ്പമാണ് സയാമീസ് ഇരട്ടകളെ രാജ്യത്തേക്ക് കൊണ്ടുവന്നത്. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും നൽകുന്ന പിന്തുണക്ക് റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ സൂപ്പർവൈസർ ജനറലും മെഡിക്കൽ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ-റബീഅ നന്ദി പറഞ്ഞു.
യെമനി സയാമീസ് ഇരട്ടകളായ മവദ്ദയുംടെയും റഹ്മയുടെയും വേർപ്പെടുത്തല്‍ ശസ്ത്രക്രിയ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടുനിന്നു.
അനസ്തേഷ്യ, ഒരുക്കങ്ങൾ, വേർപ്പെടുത്തൽ പ്രക്രിയ ആരംഭിക്കൽ, കരളിന്റെയും കുടലിന്റെയും വേർപെടുത്തൽ, അവയവങ്ങൾ പുനഃസ്ഥാപിക്കൽ, കവർ ചെയ്യൽ എന്നിങ്ങനെ ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
നെഞ്ചിന് താഴ്ഭാഗവും വയറും കൂടിച്ചേർന്ന നിലയിലായിരുന്നു യമനി സയാമീസുകളായ മവദ്ദയും റഹ്മയും. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ഒരു മാസം മുമ്പാണ് ഏദനിൽനിന്ന് ഇവരെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തിൽ റിയാദിലെത്തിച്ചത്. മവദ്ദ, റഹ്മ എന്നീ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂർത്തിയായതോടെ സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള സൗദി പദ്ധതിക്ക് കീഴിൽ നടന്ന ശസ്ത്രക്രിയകളുടെ എണ്ണം 52 ആയി. മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളിൽ നിന്നുള്ള 124 ലധികം ഇരട്ടകൾ ഇതിൽ ഉൾപ്പെടുന്നു.