തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധ കപ്പൽ ലൂബ തുറമുഖത്ത് എത്തി. ഹീറോയിക്ക് ഇഡുൻ കപ്പലിനെ നൈജീരിയക്ക് കൊണ്ട് പോകാൻ ആയാണ് എത്തിയത്. ഇത് ആദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡുന് അടുത്തെത്തുന്നത്. ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിൽ കയറാൻ പോകുകയാണെന്ന നൈജീരിയൻ നേവിയുടെ ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഗിനി സമയം രാവിലെ 6 മണിക്കുളിൽ എക്വറ്റോറിയൽ ഗിനിയിൽ നിന്ന് ചരക്ക് കപ്പലിനെ നീക്കാൻ സർക്കാർ ഉത്തരവിട്ടു. എക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റ് റ്റെഡി ൻഗേമയുടെതാണ് ഉത്തരവ്. കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ അടക്കം സമീപിച്ച സാഹചര്യത്തിലാണ് നീക്കം. ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിനെ കെട്ടിവലിച്ച് നൈജീരിയക്ക് കൊണ്ടുപോകാനാണ് ശ്രമം.
കപ്പൽ ജീവനക്കാരെ നൈജീരിയക്ക് കൈമാറാനായാണ് എക്വറ്റോറിയൽ ഗിനി സർക്കാരിന്റെ നീക്കം. മലയാളികൾ ഉൾപ്പെടെയുള്ള പതിനഞ്ച് പേരെ ലൂബ തുറമുഖത്ത് നേരത്തെ എത്തിച്ചിരുന്നു. ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്ന ഭീഷണി പണം നേടാനുള്ള ഗിനിയുടെ സമ്മർദ്ദതന്ത്രമാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
നൈജീരയക്ക് കൈമാറാൻ കൊണ്ടുപോകുന്ന പതിനഞ്ച് അംഗ സംഘത്തിൽ മലയാളിയായ വിജിത്ത് , മിൽട്ടൻ എന്നിവർ ഉൾപ്പെടെ 9 ഇന്ത്യക്കാരാണ് ഉള്ളത്. ഇന്നലെയും ഇവരെ നൈജീരിയക്ക് കൊണ്ടുപോകാൻ എക്വിറ്റോറിയൽ ഗിനി ശ്രമിച്ചിരുന്നു. എന്നാൽ അഞ്ച് മണിക്കൂർ നേരം യുദ്ധകപ്പലിൽ പാർപ്പിച്ച ശേഷം ഇവരെ പുറത്തിറക്കുകയായിരുന്നു. സാങ്കേതിക പ്രശ്നമുണ്ടെന്നും അതിനാൽ മറ്റൊരു തുറമുഖം വഴി നൈജീരിയയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു സൈന്യം അറിയിച്ചത്. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മണിയോടെ ലൂബ തുറമുഖത്ത് എത്തിച്ചപ്പോൾ സംഘത്തിലെ ശ്രീലങ്കൻ സ്വദേശി കുഴഞ്ഞുവീണു.
കപ്പൽ ജീവനക്കാർ ആശുപത്രിയിലേക്ക് മാറ്റണമന്ന ആവശ്യം ശക്തമായി ഉന്നയിച്ചിതിന് ഒടുവിലാണ് കുഴഞ്ഞ വീണ ആളെ സൈന്യം ആശുപത്രയിലെത്തിച്ചത്. ഇയാൾ തിരിച്ചുവരാതെ കപ്പലിലേക്ക് പോകില്ലെന്ന നിലാപാടിലാണ് ജീവനക്കാർ . എന്നാൽ എത്രനേരം പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ലെന്ന് വിജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹീറോയിക് ഇഡുൻ ചരക്ക് കപ്പലിൽ തുടരുന്ന മലയാളി സനു ജോസ് അടക്കമുള്ള കപ്പൽ ജീവനക്കാരുടെ ഫോണുകൾ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനിടെ ജീവനക്കാരെ തടവിലാക്കിയതിനെതിരെ കടലിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള അന്താരാഷ്ട്ര ട്രൈബ്യൂണലിനെ ഹീറോയിക് ഇഡുൻ കപ്പൽ കന്പനി സമീപിച്ചു. നിയമവിരുദ്ധമായി ജീവനക്കാരെ എക്വറ്റോറിയൽ ഗിനി തടഞ്ഞുവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെയും കന്പനി സമീപിച്ചിട്ടുണ്ട്. കൈമാറ്റ ഭീഷണി നിലനിർത്തി തുടർച്ചയായി ജീവനക്കാരെ തുറമുഖത്തേക്കും തിരിച്ചും കൊണ്ടുപോകുന്ന എക്വറ്റോറിയൽ ഗിനിയുടെ നടപടി ഏതെങ്കിലും സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാണോയെന്ന സംശയവും ഉയരുന്നുണ്ട്. സമുദ്രാതിർത്തി ലംഘിച്ചതിന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയ ശേഷവും ജീവനക്കാരെ വിടാതെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സർക്കാർ പ്രഖ്യാപിച്ചത്. അതിനാൽ കപ്പൽ കന്പനിയിൽ നിന്ന് വീണ്ടും പണം ഈടാക്കാനുള്ല ശ്രമമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന സൂചനയാണ്ാ ശക്തമാകുന്നത്.