തൃശൂർ: കൊടുങ്ങല്ലൂരിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അഴീക്കോട് മാർത്തോമ നഗറിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിപുൽ ദാസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാദിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ വീട് റെയ്ഡ് ചെയ്തു ഇയാളെ പിടികൂടുകയായിരുന്നു.
എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി പി.വി, സുനിൽകുമാർ പി.ആർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ കെ.എസ്, അനീഷ് ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർ റിഹാസ്, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിൽസൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏതാനും ദിവസം മുമ്പ് പെരുമ്പാവൂരിൽ ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാളെ എക്സൈസ് പിടികൂടിയിരുന്നു. ആസാം സ്വാദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റി പാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു പോന്നിരുന്നു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബിനുവും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈകോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണ്.