മുംബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി
യെമനിലേക്ക് തിരിച്ചു. സൌദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി
സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്ന് പ്രേമകുമാരി പറഞ്ഞു.
സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിന്റെ ഭാഗമായ സാമുവൽ ജെറോമും യെമനിലേക്ക് പ്രേമകുമാരിക്കൊപ്പമുണ്ട്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരിയുടെ യാത്ര. പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അഞ്ചുമണിക്ക് യമനിലേക്ക് തിരിച്ചു. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞു.
ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.