മസ്കറ്റ്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ്, കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ച് മാഹൂത്ത് വിലായത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
അതേസമയം ഒമാനിലേക്ക് സമുദ്ര മാർഗം നുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.