ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മിന്നൽ പ്രളയത്തിൽ ഒമ്പത് സൈനികരെയും കാണാതായി. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. സൈനിക ക്യാമ്പിനെയും വെള്ളപ്പൊക്കം ബാധിച്ചിരുന്നു. ഹർഷിലിലെ ഇന്ത്യൻ സൈനിക ക്യാമ്പിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമപ്രദേശത്തിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1:45 ന് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്. സൈനിക ക്യാമ്പിലെ ആശയവിനിമയ ബന്ധങ്ങൾ വിച്ഛേദിക്കപ്പെടുകയും യൂണിറ്റ് ബേസിനെ പ്രതികൂലമായി ബാധിക്കുകയും 9 പേരെ കാണാതായെന്ന് സംശയിക്കുകയും ചെയ്യുന്നതായി സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും സൈന്യം അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി. നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്.