തിരുവനന്തപുരം: സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടം കൊല്ലപ്പെട്ട സുനിതയുടേതുതന്നെയെന്ന് ഒമ്പത് വർഷത്തിന് ശേഷമാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആയിരുന്നു ഇത്. കോടതിയില്‍ ഹാജരാക്കിയ ഡി എന്‍ എ പരിശോധനഫലമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി എസ് സുരേഷ് കുമാര്‍ വരുത്തിയ ഗുരുതര പിഴവിനെ തുടര്‍ന്നാണ് സുനിതയുടെ ഡി എന്‍ എ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ആവശ്യപ്പെട്ടത്. ഒമ്പത് വർഷത്തിന് ശേഷമാണ് മരിച്ചത് സുനിത തന്നെയെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തേണ്ടി വന്നത്.
പ്രതിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കോടതി ഇത് അംഗീകരിച്ചു. സുനിതയുടെ മക്കളായ ജോമോളെയും ജീനാമോളെയും കോടതിയില്‍ വിളിച്ചുവരുത്തിയാണ് രക്തസാമ്പ്ള്‍ ശേഖരിച്ച് ഡി എന്‍ എ പരിശോധനക്ക് അയച്ചത്. വിചാരണയുടെ ആദ്യ ഘട്ടം മുതല്‍ സുനിത ജീവിച്ചിരിപ്പുണ്ടെന്ന് പ്രതിഭാഗം നിലപാട് സ്വീകരിച്ചതോടെയാണ് കോടതി രേഖകളില്‍ ഇല്ലാതിരുന്ന ഡി എന്‍ എ പരിശോധന റിപ്പോര്‍ട്ടിന് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചത്. ഡി എന്‍ എ അനുകൂലമായി വന്ന സാഹചര്യത്തില്‍ ശാസ്ത്രീയ പരിശോധനാ വിദഗ്ധരായ ആറ് സാക്ഷികളെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
സ്‌റ്റേറ്റ് ഫോറന്‍സിക് ലാബ് ഡി എന്‍ എ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി ശ്രീവിദ്യ, മോളിക്യുലര്‍ ബയോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. ഷീജ, സെറോളജി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ വി ബി. സുനിത, കെമിസ്ട്രി വിഭാഗം സൈന്‍റിഫിക് ഓഫിസര്‍ എസ് എസ്. ദിവ്യപ്രഭ, ഡി സി ആര്‍ ബിയിലെ സൈന്‍റിഫിക് അസിസ്റ്റന്‍റ് എ.എസ്. ദീപ, ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ജോണി എസ് പെരേര എന്നിവരെയാണ് പുതുതായി വിസ്തരിക്കുന്നത്.
കേസിലെ പ്രതിയായ ജോയ് ആന്റണി 2013 ആഗസ്റ്റ് മൂന്നിനാണ് ഭാര്യ സുനിതയെ മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് ചുട്ടുകരിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം മൂന്ന് കഷണമാക്കി വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എന്നാൽ സുനിതയുടേതാണ് ശരീര ഭാഗങ്ങളെന്ന് തെളിയിക്കാനുളള ഡിഎൻഎ പരിശോധനാ റിപ്പോർട്ട് പൊലീസ് കുറ്റപത്രത്തോടൊപ്പം വെച്ചിരുന്നില്ല. കേസ് കോടതിയിലെത്തിയപ്പോൾ അത് തിരിച്ചടിയായി. അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിക്കാൻ പ്രോസിക്യൂട്ടർ എം. സലാഹുദീനാണ് കോടതിയോട് ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടത്. പ്രതിക്കായി ക്ലാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹന്‍, തുഷാര രാജേഷ് എന്നിവരും ഹാജരായി.