തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റന്റിനും ഒമ്പത് വർഷം കഠിന തടവും 40,000 രൂപ വീതം പിഴയും. 2014-ൽ വസ്തു പോക്കുവരവ് ചെയ്യുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അന്നത്തെ തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മൽ വില്ലേജ് ഓഫീസറായിരുന്ന മറിയ സിസിലിയെയും വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന എസ്. സന്തോഷിനെയും ആണ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് കഠിന തടവിന് ശിക്ഷിച്ചത്.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശിയായ പരാതിക്കാരനായ രാജേന്ദ്രന്റെ സഹോദരിയുടെ വസ്തു പോക്കു വരവ് ചെയ്യുന്നതിന് 2014 ജൂലൈ 23 ന് കുളത്തുമ്മൽ വില്ലേജ് ഓഫീസിൽ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങിയ അന്നത്തെ വില്ലേജ് ഓഫീസറായ മറിയ സിസിലിയെയും, 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന എസ്. സന്തോഷിനെയും കൈയോടെ പിടികൂടിയിരുന്നു. തിരുവനന്തപുരം വിജിലൻസ് തെക്കൻ മേഖല ഡി.വൈ.എസ്.പി യായിരുന്ന എ. അശോകൻ. രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് എം.വി രാജകുമാരി ആണ് ശിക്ഷിച്ചത്. ഒന്നാം പ്രതിയായ മറിയ സിസിലിയെ റിമാന്റ് ചെയ്ത് അട്ടക്കുളങ്ങര വനിത ജയിലിലും രണ്ടാം പ്രതിയായ സന്തോഷിനെ പൂജപ്പുര സെൻട്രൽ ജയിലിലും അടച്ചു. തിരുവനന്തപുരം വിജിലൻസ് തെക്കൻ മേഖല ഡി.വൈ.എസ്.പി യായിരുന്ന എ. അശോകൻ അന്വേഷണം നടത്തി കുറ്റപത്രം നൽകി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.