കേളകം (കണ്ണൂർ): നേപ്പാള്‍ ഭൂകമ്പത്തില്‍ വിടപറഞ്ഞ യുവ ഡോക്ടര്‍മാരുടെ സ്മരണകള്‍ക്ക് ഇന്ന് ഒമ്പതാണ്ട്. കണിച്ചാര്‍ കുണ്ടേരി സ്വദേശി ഡോ ദീപക് കെ. തോമസും കാസര്‍കോട് ആനബാഗിലു സ്വദേശി ഡോ. ഇര്‍ഷാദുമാണ് ഒമ്പത് വർഷം മുമ്പുണ്ടായ ഭൂകമ്പത്തില്‍ മരണപ്പെട്ടത്.
2015 ഏപ്രില്‍ 25നാണ് നേപ്പാളിലെ കാഠ്മണ്ഡുവിലുണ്ടായ ദുരന്തത്തില്‍ കേളകം കുണ്ടേരിയിലെ കളപ്പുരക്കല്‍ തോമസ്-മോളി ദമ്പതികളുടെ ഏക മകന്‍ വയനാട് എടവക പി.എച്ച്.സിയിലെ ഡോ. ദീപക് കെ. തോമസ്, കാസര്‍കോട് ആനബാഗിലു സ്വദേശി എ.എന്‍. ഷംസുദ്ദീന്റയും എന്‍.എ. ആസിയയുടെയും മകനും മാനന്തവാടി ജില്ല. ആശുപത്രിയിലെ ഡോക്ടറുമായിരുന്ന എ.എസ്. ഇര്‍ഷാദ് എന്നിവര്‍ മരിച്ചത്. ഇവരൊടാപ്പമുണ്ടായിരുന്ന വടകര സ്വദേശി ഡോ. അബിന്‍ സൂരി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
വിനോദയാത്രക്കായി നേപ്പാളിലെത്തിയതായിരുന്നു ഇവര്‍. താമസിച്ച കാഠ്മണ്ഡുവിലെ ഹോട്ടല്‍ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നായിരുന്നു ദുരന്തം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 51ാം ബാച്ചിലെ താരങ്ങളായിരുന്ന ഇരുവരും ബിരുദാനന്തര ബിരുദത്തിന് ചേരാനിരിക്കെയാണ് വിധി തട്ടിയെടുത്തത്. ഡോ. ദീപക് കെ. തോമസിന്റെ ഓര്‍മദിനത്തിൽ വ്യാഴാഴ്ച കണിച്ചാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥന കൂട്ടായ്മ നടക്കും.
ഡോ. ദീപക് കെ. തോമസ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ആതുരസേവന രംഗത്തെ മികവിനുള്ള ഈ വർഷത്തെ അവാർഡ് പേരാവൂർ താലൂക്ക് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. രേഷ്‌മക്ക് 28ന് കളപ്പുര ഭവനത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ സമ്മാനിക്കും. സിവിൽ സർവിസ് പരീക്ഷയിൽ മലയോര മേഖലയിൽ നിന്നും 529-ാം റാങ്ക് നേടിയ ഷിൽജ ജോസിനെ ചടങ്ങിൽ അനുമോദിക്കും.
ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപക്കിന്റെ സഹപാഠികളും നാട്ടുകാരും പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ തോമസ് കളപ്പുര, ഡോ. അശ്വിൻ, ഡോ. കിരൺ, ലിജിൻ ജേക്കബ് എന്നിവർ അറിയിച്ചു.