കോഴിക്കോട് : നിപ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീട്ടി. ഒക്ടോബർ 1 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോഴിക്കോട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശത്തോടെയാണ് സ്കൂളുകൾക്ക് തുറക്കാൻ അനുമതി നൽകിയത്.