കോഴിക്കോട്> നിപാ വൈറസ് ബാധയെ നിയന്ത്രിക്കുന്നതിൽ നിർണായകമായത് ആരോഗ്യവകുപ്പിന്റെ കണ്ണിമുറിയാത്ത പ്രതിരോധവും ജാഗ്രതയും. 2018 ലെ നിപാ ബാധക്ക് ശേഷം ദീർഘകാലാടിസ്ഥാനത്തിൽ ഇൻഫ്ലുവൻസ, മസ്‌തിഷ്‌ക ജ്വരം, ശ്വാസകോശ രോഗങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സൂക്ഷ്‌മ റിപ്പോർട്ടിങ്ങും പരിശോധനയും ജില്ലയിൽ നടത്തുന്നുണ്ട്. ഈ വർഷം ജൂലൈ വരെ 78 സാമ്പിളുകളിൽ നിപാ പരിശോധിച്ചു. ഈ ജാഗ്രതയാണ് ഇത്തവണയും നിപാ ബാധ മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായകമായത്.
ഐഡിഎസ്‌പി (ഇന്റഗ്രേറ്റഡ് ഡിസീസ് സർവയ്‌ലൻസ് പ്രോജക്ട്) യുടെ ഭാഗമായി വാർഡ് തലത്തിൽനിന്ന് ആശാവർക്കർ പ്രതിദിന രോഗ റിപ്പോർട്ടിങ് നടത്തുന്നുണ്ട്. നിപാ, ഡെങ്കി, ഇൻഫ്ലുവൻസ എ എന്നീ രോഗങ്ങൾക്ക് പ്രാധാന്യം നൽകിയാണ് നിരീക്ഷണം. സ്വകാര്യ–-സർക്കാർ ആശുപത്രികളിൽ എത്തുന്ന സാധ്യതാ കേസുകളും നിരീക്ഷിക്കും. അതനുസരിച്ചുള്ള പരിശോധനയും പ്രതിരോധവും പ്രാദേശികമായി നടപ്പാക്കുന്നുണ്ട്. മെഡിക്കൽ കോളേജ് വിആർഡിഎൽ ലാബിലാണ് പരിശോധന. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് കൂടുതൽ. മേയിൽ 17 സാമ്പിളുകളുണ്ടായി.
ഇൻഫ്ലുവൻസ വിഭാഗത്തിൽ ജനുവരിയിൽ 7528 കേസാണ് റിപ്പോർട്ട് ചെയ്‌തത്. ഫെബ്രുവരിയിൽ 5294, മാർച്ച് 6642, ഏപ്രിൽ 5280, മെയ് 3501, ജൂൺ 2193, ജൂലൈ 5935 എന്നിങ്ങനെയാണ് കേസുകൾ. സബ് സെന്റർതലം മുതൽ ജില്ലാതലം വരെ കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് രോഗവ്യാപനവും നിർണയവും വിലയിരുത്തുന്നു.
ഇത്തവണ നിപാ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ വീട്ടിലുള്ളവർക്ക് പനി വന്നതും സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതും ആദ്യം അറിഞ്ഞത് പ്രാദേശിക ആരോഗ്യ സംവിധാനങ്ങൾ വഴിയാണ്. തൊട്ടടുത്ത ദിവസം ഹെൽത്ത് ഇൻസ്‌പെക്ടർ ജില്ലാ തല ആരോഗ്യവിഭാഗത്തെ അറിയിച്ചതിനെ തുടർന്നാണ് ജില്ലാ സർവയ്‌ലൻസ് ഓഫീസർ ചികിത്സയിലുള്ള നാല് പേരുടെയും സാമ്പിൾ നിപാ പരിശോധനയ്‌ക്കയക്കാൻ നിർദേശിച്ചത്.