ദില്ലി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് ഒബാമ നടത്തിയ പ്രസ്താവനയാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്. ഒബാമ ഭരിക്കുമ്പോൾ ആറ് മുസ്ലിം രാജ്യങ്ങൾക്കെതിരെ ബോംബ് പ്രയോഗിച്ചെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യൻ മുസ്ലീങ്ങളുടെ വിഷയം പ്രധാനമന്ത്രി മോദിയോട് ഉന്നയിക്കാൻ ശ്രമിക്കുമെന്ന് സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ബരാക് ഒബാമ പറഞ്ഞിരുന്നു. ഒബാമയുടെ പ്രസ്താവന തന്നെ ഞെട്ടിച്ചെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി മോദി യുഎസിൽ പ്രചാരണം നടത്തി, ഇന്ത്യയെക്കുറിച്ച് സംസാരിച്ചു. എന്നാൽ, യുഎസ് മുൻ പ്രസിഡന്റ് ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. ഒബാമയുടെ ഭരണകാലത്ത് ആറ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ 26,000-ത്തിലധികം ബോംബുകൾ ഉപയോഗിച്ചു. ഇത്തരമൊരാളുടെ വാക്കുകൾ ആളുകൾ എങ്ങനെ വിശ്വസിക്കുമെന്നും അവർ പറഞ്ഞു.
പ്രതിപക്ഷത്തെയും നിർമല സീതാരാമൻ രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പിലെ തോൽവികളിൽ നിരാശരായ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അവർ പറഞ്ഞു. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിക്ക് ലഭിച്ച 13 അവാർഡുകളിൽ ആറെണ്ണം മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ് നൽകിയതെന്നും അവർ പറഞ്ഞു. യുഎസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാജ്യത്ത് ഒരു സമുദായത്തോടും പ്രത്യേക വിവേചനമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണ്.
ക്രമസമാധാനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ ഉന്നയിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ടവരുണ്ട്. അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ ആരോപണം ഉന്നയിക്കുന്നത് സംഘടിത പ്രചാരണങ്ങളാണെന്നും അവർ ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ഒബാമയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തിയത്.