ദില്ലി: അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഈ പരാമർശം നടത്തിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
ഇന്ത്യ അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത് ധമന്ത്രി ചൂണ്ടിക്കാട്ടി. വരുന്ന 10 മുതൽ 15 വർഷത്തിനുള്ളിൽ രാജ്യം, ആഗോളതലത്തിൽ മികച്ച മൂന്ന് സാമ്പത്തിക ശക്തികളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പ്രാധാന്യം യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി ധനമന്ത്രി പങ്കുവെച്ചിരുന്നു. “ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യുഎസുമായുള്ള ബന്ധത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു..” എന്ന് നിർമ്മല സീതാരാമൻ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഇടയ്‌ക്കിടെയുണ്ടാകാറുള്ള സുപ്രധാനമായാ ഇടപെടലുകളിലൂടെ ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ മാനം ഉണ്ടായെന്നും അവ കൂടുതൽ ശക്തിപ്പെട്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കാലാവസ്ഥാ, ധനകാര്യം, ബഹുരാഷ്ട്ര വിഷയങ്ങൾ, ഇന്ത്യയുടെ അദ്ധ്യക്ഷതയിലുള്ള ജി20-ലെ ഇന്ത്യ-യുഎസ് സഹകരണം, നികുതി, വിതരണ ശൃംഖല പ്രതിരോധം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം കാലം ചെല്ലുന്തോറും കൂടുതൽ ശക്തമാവുകയാണ്.
2027 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് മോർഗൻ സ്റ്റാൻലി റിപ്പോർട്ട് പ്രസ്താവിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സീതാരാമന്റെ അഭിപ്രായം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.