കോഴിക്കോട്> പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചതിന് സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച ദളിത് വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത അധികൃതരുടെ നടപടിക്കെതിരെ എന്‍ഐടിയില്‍ വന്‍ പ്രതിഷേധം. ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ ഔദ്യോഗിക വേദിയായ സ്റ്റുഡന്റ് അഫയേഴ്‌സ് കൗണ്‍സില്‍ (സാക്) നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രധാന കവാടങ്ങള്‍ ഉപരോധിച്ചു.
ബിടെക്ക് വിദ്യാര്‍ഥി വൈശാഖിനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴം രാവിലെ വിദ്യാര്‍ഥി ക്ഷേമ വിഭാഗം മേധാവിക്ക് അപേക്ഷ നല്‍കിയിരുന്നു. വിദ്യാര്‍ഥി ക്ഷേമ വിഭാഗം മേധാവി ഡോ. ജി കെ രജനീകാന്ത് നടപടി പിന്‍വലിക്കാനാകില്ലെന്ന് അറിയിച്ചതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.വ്യാഴം വൈകിട്ട് നാലോടെയാണ് കവാടങ്ങള്‍ ഉപരോധിച്ച് വിദ്യാര്‍ഥികള്‍ കുത്തിയിരുന്നത്. വണ്ടികള്‍ പുറത്തേക്ക് പോകാനോ അകത്തേക്ക് കടത്തിവിടാനോ അനുവദിക്കാതെയായിരുന്നു പ്രതിഷേധം. പ്രധാന കവാടത്തില്‍ മുന്നൂറിലധികം വിദ്യാര്‍ഥികള്‍ കുത്തിയിരുന്നു.
അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ 22ന് സോഷ്യല്‍ ആന്‍ഡ് സ്പിരിച്വല്‍ (എസ്എന്‍എസ്) ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ അമ്പും വില്ലും വരച്ച് ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചിരുന്നു. ഭൂപടം വികലമാക്കിയതിനെതിരെ ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാര്‍ഡുയര്‍ത്തിയ വിദ്യാര്‍ഥിയെ എസ്എന്‍എസുകാര്‍ മര്‍ദിച്ചു. വിഷയമറിഞ്ഞ് അവിടേക്ക് എത്തിയവരെയും ‘ജയ്ശ്രീറാം’ വിളിയോടെ മര്‍ദിച്ചു.
വൈശാഖിനും സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് കൗണ്‍സില്‍ സ്പീക്കറായ കൈലാസിനുമാണ് മര്‍ദനമേറ്റത്. മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ വൈശാഖിനെ എന്‍ഐടി പ്രതികാര നടപടിയായി ബുധനാഴ്ച ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അന്വേഷണസമിതിയില്‍ വിദ്യാര്‍ഥി കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകപക്ഷീയ നടപടിയാണെന്നും നീതി ലഭിച്ചില്ലെന്നും കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.