വിവാഹ വാർത്തയിൽ പ്രതികരിച്ച് നടി നിത്യ മേനൻ. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ മാധ്യമങ്ങളാണ് നിത്യ മേനന്റെ വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തത്. മലയാളത്തിലെ പ്രമുഖ നടനുമായി പ്രണയത്തിലാണെന്നും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുമായിരുന്നു വാർത്ത. ഇത് വ്യാജമാണെന്നാണ് നടി പറയുന്നത്.
പ്രചരിക്കുന്ന വിവാഹ വാർത്തകളിൽ യാതൊരു സത്യവുമില്ല. വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ് -നിത്യ മേനൻ പറഞ്ഞു.
നിലവിൽ സിനിമ തിരക്കിലാണ് നിത്യ. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.