ദില്ലി: പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കാണും. ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ഇന്ന് തന്നെ കൂടിക്കാഴ്ച നടത്തിയേക്കും. ഇരു പാര്‍ട്ടികളെയും പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാഗമാക്കുന്നത് കോണ്‍ഗ്രസിനും നിതീഷ് കുമാറിനും വെല്ലുവിളിയാകും.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍. മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയിലും ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചർച്ച നടത്താന്‍ ബിഹാർ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ നിതീഷ് കുമാർ ഇടത് പാർട്ടികളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചർച്ച നടത്തി. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടികളെ കൂടി ഐക്യത്തിന്‍റെ ഭാഗമാക്കാനുള്ള ചർച്ചകള്‍ നടക്കാന്‍ പോകുന്നത്.
പ്രതിപക്ഷം ഒന്നിച്ചാൽ ബിജെപിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനർജിയുടെ പ്രതികരണം. പാര്‍ലമെന്‍റില്‍ അടക്കം ബിജെപിക്കെതിരെ ഏറ്റുമുട്ടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നതാണ് വെല്ലുവിളി. കോണ്‍ഗ്രസ് തങ്ങളുടെ റോള്‍ എന്താണെന്ന് തീരുമാനിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഈ നിലപാട് എടുത്തിരിക്കുന്നവരെ എങ്ങനെ അനുനയിപ്പിക്കുന്നുവെന്നതിലാകും പ്രതിപക്ഷ ഐക്യത്തിന്‍റെ ഭാവി . എന്നാല്‍ അയോഗ്യത വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ മമതയും അഖിലേഷും പിന്തുണച്ചത് കോണ്‍ഗ്രസ് പ്രതീക്ഷയോടെയാണ് കാണുന്നത്. ബംഗാളിലും യുപിയിലും ബിജെപി രാഷ്ട്രീയമായി ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമെന അന്വേഷണ ഏജൻസികള്‍ വേട്ടായാടുന്നതും ഐക്യപ്പെടേണ്ട സാഹചര്യം പ്രതിപക്ഷത്തുണ്ടാക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിലിയിരുത്തല്‍.