ദില്ലി: എൻഡിഎയിലെ അനൈക്യം പ്രതിഫലിച്ച് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിട്ട് നിന്നു. ബിജെപിയുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയാണ് നിതീഷ് കുമാറിന്‍റെ അസാന്നിധ്യം ചര്‍ച്ചയായത്.
ദ്രൗപദി മുര്‍മ്മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചെങ്കിലും സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് രാഷ്ട്രീയ വിഷയങ്ങളിലെ വിയോജിപ്പ് നിതീഷ് കുമാര്‍ രേഖപ്പെടുത്തുകയായിരുന്നു. അഗ്നിപഥടക്കം അടുത്തിടെ പോലും പല വിഷയങ്ങളിലും വിയോജിച്ച നിതീഷ് കുമാര്‍ ബിഹാര്‍ നിയമസഭ സ്പീക്കറുമായി തുടരുന്ന ഏറ്റുമുട്ടലില്‍ അദ്ദഹത്തെ മാറ്റണമെന്ന ആവശ്യം ബിജെപി കേന്ദ്രനേതൃത്വത്തിന് മുന്നിലുന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല. സ്പീക്കറുടെ ക്ഷണപ്രകാരം ബിഹാര്‍ നിയമസഭയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തതിലും നിതീഷ് കുമാര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ബിജെപിയുമായി തുടരുന്ന അതൃപ്തിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നല്‍കിയ വിരുന്നില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടു നിന്നു. അടുത്ത പതിമൂന്ന് മുതല്‍ 15വരെ ദേശീയ പതാക എല്ലാ വീടുകളിലും ഉയര്‍ത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ അമിത് ഷാ വിളിച്ച യോഗത്തിലും പങ്കെടുത്തിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്താതെന്നാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം. എന്നാല്‍ അസാന്നിധ്യത്തോട് ബിജെപി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ പുതിയ രാഷ്ട്രപതി സ്ഥാനമേറ്റതിന് തൊട്ടുപിന്നാലെ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രൂക്ഷവിമര്‍ശമുയര്‍ത്തി. ജമ്മുകശ്മീര്‍ പുനസംഘടന. പൗരത്വ നിയമഭേദഗതി തുടങ്ങിയ വിഷയങ്ങളെ പിന്തുണച്ച രാംനാഥ് കോവിന്ദ് ഭരണഘടന ചവിട്ടിമെതിച്ചാണ് പുറത്തേക്ക് പോകുന്നതെന്ന് മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുക മാത്രമായിരുന്നു കോവിന്ദ് ചെയ്തിരുന്നതെന്നും മെഹബൂബ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കണമെന്ന് പിഡിപി അടക്കമുള്ള കക്ഷികള്‍ രാംനാഥ് കോവിന്ദിനോടാവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം നിര്‍ദ്ദേശം തള്ളിയിരുന്നു.