പട്ന∙ ബിഹാർ മന്ത്രിസഭാ വികസന വിഷയത്തിൽ ജെഡിയു – ആർജെഡി ഭിന്നത. കോൺഗ്രസിനു കൂടുതൽ മന്ത്രിമാരെ നൽകാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നീക്കത്തോടുള്ള ആർജെഡിയുടെ എതിർപ്പു കാരണമാണ് മന്ത്രിസഭാ വികസനം വൈകുന്നത്. മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി നിതീഷും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഭിന്ന രീതിയിലാണ് പ്രതികരിച്ചത്.
മകരസംക്രാന്തി കഴിഞ്ഞാലുടൻ മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് നിതീഷ് കുമാർ നേരത്തേ മാധ്യമങ്ങളെ അറിയിച്ചത്. രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ആർജെഡിയുടെ രണ്ടു മന്ത്രിമാർ രാജിവച്ച ഒഴിവും നികത്താനുണ്ട്.
മന്ത്രിസഭാ വികസനത്തെ കുറിച്ച് മഹാസഖ്യത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും ഇതേക്കുറിച്ച് അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നും തേജസ്വി പറഞ്ഞു. ആർജെഡി കൂടുതൽ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.