പട്ന: ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വിശ്വാസം നേടി. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആർ.ജെ.ഡിയുടെ മൂന്ന് എം.എൽ.എമാരും നിതീഷിനൊപ്പം ചേർന്നു. വിശ്വാസ വോട്ടെടുപ്പിൽ 129 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിന് ലഭിച്ചത്. ആർ.ജെ.ഡിയുടെ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് മറുകണ്ടം ചാടിയത്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് ആർ.ജെ.ഡി. കോൺഗ്രസ്, ഇടത് എം.എൽ.എമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സ്പീക്കർക്കെതിരെ നടന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകൾക്കാണ് പാസായത്. മഹാസഖ്യ സർക്കാരിലെ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്ഥാനം രാജിവെക്കാൻ തയാറാകാതിരുന്നതിനാലാണ് ജെ.ഡി.യു-ബി.ജെ.പി സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് ഇരുപക്ഷത്തെയും എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു.
ജനുവരി 28നാണ് ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.