ന്യൂഡൽഹി: വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ നീതു ഗാംഘസ്. 48 കിലോഗ്രാം വിഭാഗത്തിൽ ജപ്പാന്‍റെ മഡോക വാഡയെ വീഴ്ത്തി നീതു ചാമ്പ്യൻഷിപ്പിന്‍റെ സെമി ഫൈനലിൽ കടന്നു.മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് 22കാരി കരിയറിലെ ആദ്യ ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് മെഡൽ ഉറപ്പാക്കിയത്. രണ്ടാം റൗണ്ടിൽ റഫറി മത്സരം അവസാനിപ്പിക്കുകയായിരുന്നു. 2022ൽ താരത്തിന്‍റെ പ്രഥമ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. അതേസമയം, 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ മൗൺ ക്വാർട്ടർ ഫൈനലിൽ പുറത്തായി.
മറ്റു ഇന്ത്യൻ താരങ്ങളായ നിഖാത്ത് സരീൻ (50 കിലോ), സാക്ഷി ചൗധരി (52 കി.ഗ്രാം), ജാസ്മിൻ ലംബോറിയ (60 കി.ഗ്രാം), ലോവ്ലിന ബോർഗോഹൈൻ (75 കി.ഗ്രാം), സവീതി ബൂറ (81 കി.ഗ്രാം), നൂപുർ ഷിയോറാൻ (+81 കി.ഗ്രാം) എന്നിവരും സെമി ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നുണ്ട്.