തിരുവനന്തപുരം : മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ്. മത നിരപേക്ഷത മറ്റൊന്നിനുമില്ലാത്ത തരത്തിൽ വെല്ലുവിളി നേരിടുകയാണ്. മത രാഷ്ട്രത്തിന്‍റെ കരട് രൂപമായി എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു. സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്‍റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്‍റെ പ്രസക്തിയെന്നും നിയമ സഭ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു.
വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .അവരിലെ ചിലരെ അടർത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ഗാന്ധിയുടെയും നെഹ്‌റ്രുവിന്‍റേയും സ്ഥാനത്ത് ബ്രിട്ടിഷുകാർക്ക് മുന്നിൽ മാപ്പ് അപേക്ഷ നൽകിയ ചിലരെ പ്രതിഷ്ഠിക്കാൻ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇത് വലിയ ജാഗ്രതയോടെ കാണണം. അപകടകരമായ നിലയിൽ ഫാസിസം വളരുന്നു. ജർമനിയിൽ ജൂതന്മാരെ പൊതു ശത്രുവായി കണ്ടത് പോലെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ പൊതു ശത്രുവാക്കുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേർത്തുവയ്ക്കേണ്ട കാലം ആണിത്. അതിതീവ്ര ദേശീയതയും ദേശീയതയും കടലും കടലാടിയും തമ്മിലുള്ള ബന്ധം ആണ്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകർക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനമായിരുന്നു. ഈ സമ്മേളനത്തിലാണ് സ്പീക്കറും മുഖ്യമന്ത്രിയു പ്രതിപക്ഷ നേതാവും നിലപാട് പറഞ്ഞത് . ഇന്ന് മറ്റു നടപടിക്രമങ്ങൾ ഉണ്ടാവില്ല. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്.