കൊച്ചി : നമ്പർ18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് അഞ്ചലിക്കും റോയ് വയലാട്ടിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പോലീസ്. കൊച്ചി ഡിസിപി വി.യു കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേസിൽ മറ്റ് തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നൽകിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിൽ കോടതിയെ സമീപിക്കും. അന്വേഷണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരേ ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചത്.
മോഡലുകളുടെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുട ആവശ്യത്തെ എതിർക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്സോ കേസിന്റെ വിവരങ്ങൾ പുറത്തുവന്ന പശ്ചത്തലത്തിലാണ് അൻസി കബീറിന്റെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതിചേർത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം നടന്നതെന്നാണ് പരാതി. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾവഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. അതേസമയം മോഡലുകളുടെ അപകടമരണത്തിൽ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും. കേസിൽ ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ട്, സൈജു തങ്കച്ചൻ എന്നിവർ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.