തിരുവനന്തപുരം: വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ ഉയർന്ന സ്റ്റാമ്പ് ഡ്യൂട്ടി നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കി. മൂന്ന് മാസത്തിനിടെ വീണ്ടും വിൽക്കുമ്പോൾ ഇരട്ടി സ്റ്റാമ്പ് ഡ്യൂട്ടിയും മൂന്ന്-ആറ് മാസങ്ങൾക്കിടെ വിറ്റാൽ ഒന്നര ഇരട്ടിയും സ്റ്റാമ്പ് ഡ്യൂട്ടി നൽകണമെന്നായിരുന്നു വ്യവസ്ഥ.പകരം എല്ലാ ഇടപാടുകൾക്കും എന്നപോലെ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കും. ഓപറേഷൻ കുബേരയുടെ ഭാഗമായി 2015ൽ കൊണ്ടുവന്ന വ്യവസ്ഥകളാണ് മാറ്റിയത്. ഇതടക്കം ബജറ്റിലെ നികുതി നിർദേശങ്ങൾ അടങ്ങുന്ന ധനകാര്യ ബിൽ നിയമസഭ ചർച്ചയില്ലാതെ പാസാക്കി. തദ്ദേശ നികുതികളൊഴികെ 2955 കോടിയുടെ ബജറ്റ് നിർദേശങ്ങളാണ് ധനകാര്യ ബില്ലിൽ ഇടംപിടിച്ചത്.
പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം സെസ് ചുമത്തും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും നടപ്പാകും. മദ്യത്തിന് വില കൂടും. ശാസ്ത്ര- സാഹിത്യ -ചാരിറ്റബിൾ സംഘങ്ങളുടെ രജിസ്ട്രേഷൻ ഫീസ് 1000 ൽനിന്ന് 1500 രൂപയാക്കി ഉയർത്തി. സംഘങ്ങൾക്കുള്ള പിഴ 200 രൂപയിൽനിന്ന് 1000 ആക്കി.
ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാമ്പുകളുടെ നിരക്ക് പരിഷ്കരണം, മോട്ടോർ സൈക്കിളുകൾക്ക് രണ്ട് ശതമാനം നികുതി വർധന, കരാറുകാർക്കും സ്വകാര്യ വാഹനങ്ങൾക്കും രണ്ട് ശതമാനംവരെ നികുതി വർധന, റോഡ് സുരക്ഷ നിയമപ്രകാരമുള്ള ഒറ്റത്തവണ സെസ് വർധന (20 രൂപമുതൽ 250 രൂപവരെ) അടക്കം നിർദേശങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന ജി.എസ്.ടി വകുപ്പിന്‍റെ പുനഃസംഘടനയുടെ അടിസ്ഥാനത്തിൽ നികുതിയുമായി ബന്ധപ്പെട്ട് കൈക്കൊള്ളുന്ന നടപടികൾക്കും ആവശ്യമായ നിയമപരിരക്ഷ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.