മുംബൈ : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശപ്രവർത്തക ടീസ്ത സെതൽവാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ആർ ബി ശ്രീകുമാറിനും ജാമ്യമില്ല. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യപേക്ഷ തള്ളിയത്.
ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായ വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് തീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള കേസ്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് എടുത്ത കേസ് തീവ്രവാദ വിരുധ സേനയ്ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.
കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു,തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെ കുറ്റങ്ങൾ.എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്ന് തീസ്തയുടെ അഭിഭാഷകൻ വാദിക്കുന്നത്.